
രാജ്യത്ത് അരങ്ങേറിയ വര്‍ഗീയ കലാപങ്ങളിലെ ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതില്‍ നിയമ വ്യവസ്ഥ പരാജയപ്പെട്ടെന്ന് ആംനസ്റ്റേ റിപ്പോര്‍ട്ട്. രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റേ ഇന്റര്‍നാഷണലിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. കഴിഞ്ഞ വര്‍ഷം ലോകരാഷ്ട്രങ്ങളില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ പരിശോധിച്ചാണ് ആംനസ്റ്റേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 157 രാജ്യങ്ങളില്‍ സംഘടന പഠനം നടത്തി.ഒറീസയില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിനു നേരേ നടന്ന കാണ്ഡമാല്‍ കലാപം സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഗുജറാത്ത് കലാപക്കേസുകള്‍ അനന്തമായി നീളുന്നു. ബെസ്റ്റ് ബേക്കറി കേസില്‍ മാത്രമാണ് അല്‍പമെങ്കിലും പുരോഗതി ഉണ്ടായത്. സുരക്ഷാ ഭീഷണിയുളളതിനാല്‍ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ ഗുജറാത്തിനു പുറത്തെ കോടതികളിലാണ് നടക്കുന്നത്.ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടന്ന ആക്രമണങ്ങളില്‍ ഭരണകൂടങ്ങളും പോലീസും നിശബ്ദമായി നോക്കിനിന്നു. എന്നാല്‍ കര്‍ഷകരുടെയും ആദിവാസികളുടെയും പ്രതിഷേധങ്ങളെ പോലീസ് ക്രൂരമായി മര്‍ദിച്ചൊതുക്കിയെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ആസാം, പഞ്ചാബ്, കര്‍ണാടക, ഒറീസ, പശ്ചിമ ബംഗാള്‍, ജമ്മു-കശ്മീര്‍ സംസ്ഥാനങ്ങളെ റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ബംഗാളിലെ സിംഗുരിലെ കര്‍ഷക പ്രതിഷേധം റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചപ്പോള്‍ സി.പി.എമ്മിനെ പിടിച്ചുലച്ച നന്ദിഗ്രാം സംഭവങ്ങള്‍ റിപ്പോര്‍ട്ടിലില്ല. കുടിയൊഴിപ്പിക്കലിനെതിരായ കര്‍ഷകരുടെ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ രാഷ്ട്രീയപാര്‍ട്ടികളുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ സായുധ സംഘങ്ങള്‍ രംഗത്തുണ്ടായിരുന്നു. ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ മുംബൈയില്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. മത-സമുദായിക സംഘര്‍ഷങ്ങള്‍ക്കൊപ്പം ഭാഷയുടെ പേരിലുള്ള ചേരിതിരിവും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. രാഷ്ട്രീയ പാര്‍ട്ടികളില്‍ ബി.ജെ.പിയെ മാത്രമാണ് റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നത്. കാണ്ഡമാല്‍ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ഒറീസ ആംനസ്റ്റേ റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചത്. രണ്ടുമാസത്തോളം തുടര്‍ന്ന അക്രമപരമ്പരകളുമായി ബന്ധപ്പെട്ട് ഇരുന്നൂറ്റമ്പതോളം പേരെ അറസ്റ്റു ചെയ്തു. ബി.ജെ.പിയുമായി അടുത്ത ബന്ധമുള്ള ഹിന്ദു സംഘടനയാണ് കലാപത്തിനു നേതൃത്വം നല്‍കിയത്. കര്‍ണാടകയില്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കു നേരേ നടന്ന ആക്രമണങ്ങളിലും ഭരണകക്ഷിയായ ബി.ജെ.പി. മൌനം പാലിച്ചു. ഒടുവില്‍ പ്രതിപക്ഷത്തിന്റെ സമ്മര്‍ദത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ അക്രമികള്‍ക്കെതിരേ നടപടിയെടുക്കാന്‍ തയ്യാറായതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലോകത്ത് വധശിക്ഷ വിധിക്കുന്നതില്‍ 78 ശതമാനവും ഇന്ത്യ ഉള്‍പ്പെട്ട ജി-20 രാജ്യങ്ങളിലാണ് നടക്കുന്നത്. ഇന്ത്യയില്‍ 70 പേരെ വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും ശിക്ഷ നടപ്പാക്കിയിട്ടില്ല. മുംബൈ ഭീകരാക്രമണം ഉള്‍പ്പെടെ രാജ്യത്തുണ്ടായ വിവിധ സ്ഫോടനങ്ങളില്‍ 570 പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍ സ്ഫോടനങ്ങളില്‍ പ്രതിയെന്നു സംശയിച്ച് അറസ്റ്റിലായവരെ തുടര്‍നിയമ നടപടികള്‍ എടുക്കാതെ അനധികൃതമായി തടവില്‍ പീഡിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തുടനീളം പോലീസിന്റെയും ഭരണകൂടത്തിന്റെയും നിസംഗതയാണ് ചെറിയ സംഘര്‍ഷങ്ങള്‍പോലും പടര്‍ന്നുപിടിക്കാന്‍ കാരണമാകുന്നത്. ഇതിന് നിരവധി ഉദാഹരണങ്ങളും ആംനസ്റ്റേ ചൂണ്ടിക്കാട്ടുന്നു. ആസാമില്‍ ബോഡോ-മുസ്ളിം വിഭാഗങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടായപ്പോള്‍ പോലീസ് നിശബ്ദത പാലിച്ചു. എന്നാല്‍ സംഘര്‍ഷം പടര്‍ന്നു പിടിക്കുകയും അന്‍പതോളംപേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഛത്തിസ്ഗഢില്‍ നക്സലൈറ്റുകളെ നേരിടാന്‍ സ്വകാര്യ സായുധ സംഘമായ സല്‍വാ ജുദമിന് സര്‍ക്കാറും പോലീസും രഹസ്യപിന്തുണ നല്‍കുന്നു. സാധാരണജനങ്ങളാണ് പലപ്പോഴും ഇവിടെ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സല്‍വാ ജുദമിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി. എന്നാല്‍ സാധാരണക്കാര്‍ക്കുനേരേയുള്ള ആക്രമണങ്ങളില്‍ നക്സലൈറ്റുകള്‍ക്കും സല്‍വാ ജുദമിനും തുല്യ പങ്കാളിത്തമാണെന്ന കമ്മിഷന്റെ കണ്ടെത്തല്‍ തെറ്റാണെന്ന് ആംനസ്റ്റേ പറയുന്നു. സല്‍വാ ജുദമിന്റെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുന്നതില്‍ കമ്മിഷന്‍ പരാജയപ്പെട്ടതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.സി.ഐ.എയുടെ നേതൃത്വത്തിലുള്ള ഗ്വാണ്ടിനാമോ തടവറ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത് ശുഭസൂചകമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് ബരാക് ഒബാമ ഭരണത്തിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.
No comments:
Post a Comment